തിരുവല്ല മാർത്തോമ്മാ കോളേജിൽ വജ്രജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢ തുടക്കം

തിരുവല്ല: അറിവിന്റെയും ഭാഷയുടെയും സാഹിത്യത്തിന്റെയും ആറു പതിറ്റാണ്ട് നീണ്ട അക്കാദമിക യാത്രയുടെ ആഘോഷമായി തിരുവല്ല മാർത്തോമ്മാ കോളേജിലെ ബിരുദാനന്തര ഗവേഷണ ഇംഗ്ലീഷ് വിഭാഗത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം.

തിരുവനന്തപുരം ലോക്‌സഭാംഗം ഡോ. ശശി തരൂർ ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ഭദ്രദീപം തെളിയിച്ചതിനൊപ്പം വജ്രജൂബിലി സ്മാരക ശിലാഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു.

വെരി. റവ. കെ.എസ്. മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സൂസൻ തോമസ് സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി ആമുഖപ്രഭാഷണം നടത്തി.

വജ്രജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾക്ക് ആന്റോ ആന്റണി എം.പി. തുടക്കം കുറിച്ചു.

പദ്ധതികൾക്കായുള്ള ആദ്യ സംഭാവന മാത്യൂസ് ടി. മാത്യൂസ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എൻ.എം. മാത്യുവിന് കൈമാറി.

ഇംഗ്ലീഷ് വിഭാഗത്തിന്റെ അക്കാദമിക പ്രവർത്തനങ്ങൾക്ക് കൂടുതൽ മികവ് പകരുന്ന ഇന്റർഡിസിപ്ലിനറി ജേണൽ അഡ്വ. വർഗീസ് മാമ്മൻ പ്രകാശനം ചെയ്തു.

വജ്രജൂബിലി ലോഗോയുടെ പ്രകാശനം അഡ്വ. അബിൻ വർക്കി കോടിയാട്ട് എം.എൽ.എ. നിർവഹിച്ചു. ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ. ബാബു സഖറിയ, കോളേജ് ട്രഷറർ തോമസ് കോശി, തിരുവല്ല നഗരസഭാ വാർഡ് കൗൺസിലർ ലാലി ജോൺ എന്നിവർ ആശംസകൾ നേർന്നു. വിശിഷ്ടാതിഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങളും സമ്മാനിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ ഡോ. ടീന ടി. എലിസബത്ത് നന്ദി രേഖപ്പെടുത്തി.

RELATED STORIES