ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും സ്വത്തുക്കൾ വിൽക്കുന്നു
Reporter: News Desk 27-Nov-20261
ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ഭൂമിയും കെട്ടിടങ്ങളും വിൽപ്പനയ്ക്ക്.
ആസ്തികൾ വിറ്റഴിച്ച് 1,300 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച തീരുമാനത്തിന് നാഷണൽ ലാൻഡ് മോണിറ്റൈസേഷൻ കോർപറേഷൻ (എൻഎൽഎംസി) ഡയറക്ടർ ബോർഡ് യോഗത്തിൽ അംഗീകാരം ലഭിച്ചു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും അധിക ഭൂമിയും കെട്ടിടങ്ങളും വിൽക്കുന്നതിനും വികസിപ്പിക്കുന്നതിനും ചുമതലയുള്ള സ്ഥാപനമാണ് എൻഎൽഎംസി. നടപ്പ് സാമ്പത്തിക വർഷം ഇതിനകം 9,000 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ പണമാക്കിയതിന് പിന്നാലെയാണ് രണ്ട് ടെലികോം കമ്പനികളുടെയും സ്വത്തുക്കൾ കൂടി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.
എൻഎൽഎംസിയുടെ കൈവശമുള്ള ന്യൂഡൽഹിയിലെയും മുംബൈയിലെയും 17 താമസവസ്തുക്കളുടെ മൂല്യനിർണയ റിപ്പോർട്ടുകളും ഡയറക്ടർ ബോർഡ് പരിശോധിച്ചു. പ്രവർത്തനം അവസാനിപ്പിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ഏറ്റെടുത്ത ഈ വസ്തുക്കൾ വിൽപ്പനയ്ക്ക് തയ്യാറാക്കുകയാണ്. നേരത്തെ പ്രയാഗ്‌രാജിലെയും ചെന്നൈയിലെയും താമസവസ്തുക്കൾ ഇ-ലേലത്തിലൂടെ വിൽക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഡൽഹിയിലെയും മുംബൈയിലെയും ആസ്തികൾ കൂടി വിപണിയിലെത്തിക്കുന്നത്.
അതിനിടെ, ആസ്തി വിൽപ്പന നീക്കത്തിന്റെ പശ്ചാത്തലത്തിൽ എംടിഎൻഎൽ ഓഹരിക്ക് വിപണിയിൽ നേട്ടമുണ്ടായി. മുൻ ദിവസത്തെ 23.30 രൂപയിൽനിന്ന് 5.02 ശതമാനം ഉയർന്ന് 24.47 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ വില 25.44 രൂപവരെയും ഉയർന്നു.
എന്നാൽ കമ്പനിയുടെ സാമ്പത്തിക സ്ഥിതി ഇപ്പോഴും പ്രതിസന്ധിയിലാണ്. 2026 സെപ്റ്റംബർ പാദത്തിൽ 832.88 കോടി രൂപയുടെ അറ്റനഷ്ടമാണ് എംടിഎൻഎൽ രേഖപ്പെടുത്തിയത്.



















