സ്വന്തം ഫോണും ചോർത്തുന്നുണ്ട് ! നിരീക്ഷണത്തിലാണ് ഞാൻ ; തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ
Reporter: News Desk 27-Nov-2026156
തിരുവനന്തപുരം : തന്റെ ഫോൺ ചോർത്തുന്നുണ്ടെന്നും നിരന്തരമായ നിരീക്ഷണത്തിലാണ് താനെന്നുമുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ഫോൺ സംഭാഷണങ്ങൾ നിരീക്ഷിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ ചില കാര്യങ്ങൾ മനഃപൂർവം തെറ്റിച്ചാണ് സംസാരിക്കാറുള്ളതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
തിരുവനന്തപുരത്ത് ദർബാർ ഹാളിൽ നടന്ന ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. സംസാരിക്കുമ്പോഴും കാറിൽ യാത്ര ചെയ്യുമ്പോഴും വീട്ടിലേക്കോ മുറിയിലേക്കോ പ്രവേശിക്കുമ്പോഴുമെല്ലാം നിരീക്ഷണത്തിലാണെന്ന ബോധ്യമുണ്ടെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോൺ ചോർത്തുന്നവർക്ക് തെറ്റായ വിവരങ്ങൾ ലഭിക്കുന്ന തരത്തിൽ ചില കാര്യങ്ങൾ മാറ്റിപ്പറയാറുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ശ്രദ്ധേയമായത്. എന്നാൽ ആരാണ് ഫോൺ ചോർത്തുന്നതെന്നോ ഏത് ഏജൻസിയാണ് നിരീക്ഷണത്തിന് പിന്നിലെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സംവിധാനങ്ങളെയാണോ കേന്ദ്ര ഏജൻസികളെയാണോ പരാമർശിച്ചതെന്ന കാര്യത്തിലും വ്യക്തതയില്ല.
നിരീക്ഷണത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച മുഖ്യമന്ത്രി, കോളജ് പഠനകാലത്ത് ജോർജ് ഓർവെലിന്റെ '1984' എന്ന പുസ്തകം വായിച്ചതിനെക്കുറിച്ചും പ്രസംഗത്തിൽ പരാമർശിച്ചു. ഭരണകൂടം പൗരന്മാരെ നിരന്തരം നിരീക്ഷിക്കുന്ന സാഹചര്യമാണ് പുസ്തകത്തിന്റെ പ്രമേയമെന്നും അത് വായിച്ചപ്പോൾ ഒരുമാസത്തോളം തനിക്ക് ആശങ്കയും അരക്ഷിതാവസ്ഥയും അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയെക്കുറിച്ചും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സാങ്കേതികവിദ്യയുടെ സ്വാധീനം വർധിക്കുന്നതിനൊപ്പം സ്വന്തം നിലയിൽ ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള മനുഷ്യന്റെ കഴിവ് കുറഞ്ഞുവരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലോടെ ഫോൺ ചോർത്തൽ, സ്വകാര്യത, ഡിജിറ്റൽ നിരീക്ഷണം തുടങ്ങിയ വിഷയങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. ഭരണഘടനാ ദിനാചരണ വേദിയിൽ സംസ്ഥാനത്തിന്റെ ഭരണത്തലവൻ തന്നെ നിരീക്ഷണത്തിലാണെന്ന് തുറന്നുപറഞ്ഞത് രാഷ്ട്രീയ-ഭരണ മേഖലകളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ആരാണ് നിരീക്ഷണത്തിന് പിന്നിലെന്നും മുഖ്യമന്ത്രിയുടെ ആരോപണത്തിന് പിന്നിലുള്ള സാഹചര്യം എന്താണെന്നുമുള്ള ചോദ്യങ്ങൾക്ക് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.



















