പത്ത് വർഷത്തിന് ശേഷം ധനരാജ് വധക്കേസിൽ ശിക്ഷാവിധി ; മൂന്ന് ബിജെപി–ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
Reporter: News Desk 25-Nov-202610
തളിപ്പറമ്പ് : രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ.
കുറ്റക്കാരെന്ന് കണ്ടെത്തിയ ബിജെപി–ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ജീവപര്യന്തം തടവിനൊപ്പം അഞ്ചു ലക്ഷം രൂപ വീതം പിഴയും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ പ്രഖ്യാപിച്ചത്.
ഒന്നാം പ്രതി രാമന്തളി മൊട്ടക്കുന്നിലെ ടി.പി. ബിജു (34), രണ്ടാം പ്രതി കക്കമ്പാറയിലെ എം. വിപിൻ (34), മൂന്നാം പ്രതിയും വിപിന്റെ സഹോദരനുമായ എം. വൈശാഖ് (31) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
കൊലപാതകക്കുറ്റമായ ഐപിസി 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് ഓരോ പ്രതിക്കും വിധിച്ചത്. കൂടാതെ 447-ാം വകുപ്പ് പ്രകാരം മൂന്നുമാസം, 341-ാം വകുപ്പ് പ്രകാരം ഒരുമാസം, 506-ാം വകുപ്പ് പ്രകാരം നാലുവർഷം എന്നിങ്ങനെയും തടവുശിക്ഷ വിധിച്ചിട്ടുണ്ട്.
മറ്റ് വകുപ്പുകളിലെ ശിക്ഷകൾ അഞ്ചുവർഷവും നാലുമാസവും പൂർത്തിയാക്കിയ ശേഷമായിരിക്കും ജീവപര്യന്തം തടവ് ആരംഭിക്കുക. പ്രതികളിൽനിന്ന് ഈടാക്കുന്ന ആകെ 15 ലക്ഷം രൂപ ധനരാജിന്റെ കുടുംബത്തിന് നൽകാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കിൽ അഞ്ചുവർഷം കൂടി തടവ് അനുഭവിക്കണം.
2016 ജൂലൈ 11-ന് രാത്രി 9.45-ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രണ്ടു മോട്ടോർ സൈക്കിളുകളിലായി എത്തിയ പ്രതികൾ ധനരാജിനെ വീടിന് സമീപം വെച്ച് ആക്രമിക്കുകയായിരുന്നു. ആദ്യം കാലിൽ വെട്ടേറ്റതോടെ രക്ഷപ്പെടാൻ ഓടിയ ധനരാജിനെ പിന്തുടർന്നെത്തിയ പ്രതികൾ വീടിന്റെ പിൻവശത്തെ ഷെഡിന് സമീപം വെച്ച് വാളും കത്തിയും ഉപയോഗിച്ച് നെഞ്ചിലും കൈകളിലും കാലുകളിലും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകം നടന്ന് പത്തുവർഷത്തോളം പിന്നിട്ട ശേഷമാണ് കേസിൽ അന്തിമ ശിക്ഷാവിധി ഉണ്ടായിരിക്കുന്നത്.


















