ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ ഡിസംബർ 2 മുതൽ പെരുമ്പാവൂരിൽ

പെരുമ്പാവൂർ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐപിസി) കേരള സ്റ്റേറ്റ് കൺവൻഷൻ 2026 ഡിസംബർ 2 മുതൽ 6 വരെ പെരുമ്പാവൂർ ഇ.എം.എസ്. ടൗൺ ഹാളിൽ നടക്കും. ഡിസംബർ 2 ബുധനാഴ്ച വൈകിട്ട് ആറിന് ആരംഭിക്കുന്ന കൺവൻഷൻ ഡിസംബർ 6 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് സമാപിക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ ദൈവവചന പ്രഘോഷണം, സ്തുതി-ആരാധന, ആത്മീയ ഉണർവ് യോഗങ്ങൾ, ഉപവാസ പ്രാർത്ഥന, വിവിധ സംഘടനകളുടെ വാർഷിക സമ്മേളനങ്ങൾ എന്നിവ നടക്കും. എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ ഒമ്പതു വരെയാണ് രാത്രി പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.


പ്രമുഖ സുവിശേഷ പ്രഭാഷകർ പങ്കെടുക്കും

പാസ്റ്റർമാരായ കെ. സി. ജോൺ (തിരുവല്ല), ഫിലിപ്പ് പി. തോമസ്, ബി. മോനച്ചൻ (കായംകുളം), ബാബു ചെറിയാൻ (പിറവം), സാം ജോർജ് (പത്തനാപുരം), രാജു പൂവക്കാല (തിരുവല്ല), കെ. ജെ. തോമസ് (കുമളി), ടി. ഡി. ബാബു (എറണാകുളം), ജേക്കബ് ജോർജ് (പത്തനാപുരം), ഫെയ്ത്ത് ബ്ലസൻ (പള്ളിപ്പാട്) എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും.

സ്റ്റേറ്റ് കൺവൻഷൻ ക്വയറിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷയും സ്തുതി-ആരാധനയും നടക്കും.


വിവിധ സമ്മേളനങ്ങളും പ്രത്യേക യോഗങ്ങളും

കൺവൻഷനോടനുബന്ധിച്ച് പകൽ സമയങ്ങളിൽ പ്രത്യേക സമ്മേളനങ്ങളും ആത്മീയ ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.

  • ഡിസംബർ 3, വ്യാഴം, രാവിലെ 10-ന് പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ്.

  • ഡിസംബർ 4, വെള്ളി, രാവിലെ 10-ന് ഉപവാസ പ്രാർത്ഥനയും ഉച്ചയ്ക്ക് രണ്ടിന് സോദരീസമാജം വാർഷിക സമ്മേളനവും.

  • ഡിസംബർ 5, ശനി, രാവിലെ 10-ന് ഉണർവ് യോഗവും ഉച്ചയ്ക്ക് രണ്ടിന് സൺഡേ സ്കൂൾ–പി.വൈ.പി.എ. വാർഷിക സമ്മേളനവും.

  • ഡിസംബർ 6, ഞായർ, രാവിലെ ഒമ്പതിന് പെരുമ്പാവൂർ സിമാസ് ഓഡിറ്റോറിയത്തിൽ സംയുക്ത സഭായോഗവും കർത്തൃമേശ ശുശ്രൂഷയും നടക്കും.


സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ

ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ഷിബു നെടുവേലിൽ, സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ കെ. സി. ഉമ്മൻ, ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, ട്രഷറർ ബ്രദർ ബിജു വി. ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് കൺവൻഷൻ സംഘടിപ്പിക്കുന്നത്.

പാസ്റ്റർ എം. എ. തോമസ് കൺവീനറായും ബ്രദർ ജോബി ഏബ്രഹാം, ബ്രദർ ബെനിൽ അറയ്ക്കപ്പടി എന്നിവർ കോർഡിനേറ്റർമാരായും പ്രവർത്തിക്കുന്നു. ബ്രദർ തമ്പി മുട്ടമ്പലിൽ പബ്ലിസിറ്റി ചെയർമാനും പാസ്റ്റർ ബിനു മാത്യു പബ്ലിസിറ്റി കൺവീനറുമാണ്.

ദൈവവചനത്തിനും ആരാധനയ്ക്കും ആത്മീയ നവീകരണത്തിനും പ്രാധാന്യം നൽകുന്ന ഈ പഞ്ചദിന കൺവൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു.


ലാൻഡ്‌വേ ന്യൂസ് | പെരുമ്പാവൂർ

RELATED STORIES