ക്രിസ്മസ് മുതൽ കാറ്ററിങ് നിരക്കുകൾ കുതിച്ചുയരും

അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ സാധാരണക്കാരുടെ ആഘോഷച്ചെലവും വർധിക്കുന്നു. ക്രിസ്മസ് കാലം മുതൽ കാറ്ററിങ് സേവനങ്ങളുടെ നിരക്കിൽ 20 ശതമാനം വരെ വർധന വരുത്താനാണ് മേഖലയിലെ സംഘടനകളുടെ തീരുമാനം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും തൊഴിലാളികളുടെ കൂലിയും ഗ്യാസ്, ഗതാഗത ചെലവുകളും കുത്തനെ ഉയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ 250 രൂപയ്ക്ക് ലഭിക്കുന്ന ചിക്കൻ ബിരിയാണിയുടെ വില 40 രൂപ വർധിപ്പിച്ച് 290 രൂപയാക്കാനാണ് ആലോചനയെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വിമൽ കുമാർ അറിയിച്ചു.

പായസം ഉൾപ്പെടെ 23 വിഭവങ്ങളുള്ള സദ്യയുടെ നിരക്കും വർധിക്കും. നിലവിൽ 220 രൂപ ഈടാക്കുന്ന സദ്യയ്ക്ക് 400 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ മേഖലയ്ക്ക് പിടിച്ചുനിൽക്കാനാകൂ എന്നാണ് സംഘടനയുടെ വിലയിരുത്തൽ.

ബിരിയാണിക്കും നെയ്‌ച്ചോറിനും ഉപയോഗിക്കുന്ന അരിയുടെ വിലയാണ് കാറ്ററിങ് മേഖലയെ പ്രധാനമായും പ്രതിസന്ധിയിലാക്കുന്നത്. കൈമ അരിയുടെ വില കിലോയ്ക്ക് 110 രൂപയിൽനിന്ന് 215 രൂപയായി ഉയർന്നു. നെയ്‌ച്ചോറ് അരിയുടെ വില 60 രൂപയിൽനിന്ന് 95 രൂപയായും വർധിച്ചു.

പച്ചക്കറി വിലയിലും വലിയ വർധനയാണുണ്ടായത്. സവാളയ്ക്ക് 18 രൂപയിൽനിന്ന് 55 രൂപയായപ്പോൾ വെളുത്തുള്ളിയുടെ വില 180 രൂപയിൽനിന്ന് 240 രൂപയിലെത്തി. സൂര്യകാന്തി എണ്ണയ്ക്ക് 120 രൂപയ്ക്ക് പകരം ഇപ്പോൾ 175 രൂപ നൽകണം.

ഇതിനുപുറമേ വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലവർധനയും തൊഴിലാളികളുടെ കൂലിയും ഗതാഗതച്ചെലവും കാറ്ററിങ് സ്ഥാപനങ്ങളുടെ പ്രവർത്തനച്ചെലവ് ഉയർത്തുകയാണ്.

RELATED STORIES